⛔ കെ എസ്സ് ഇ ബി അറിയിപ്പ് ⛔
മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ അപേക്ഷയോട് സഹകരിക്കൂ
കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.
വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.
സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.
വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.
താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.
1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്
2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.
3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.
4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.
No comments:
Post a Comment