കഴിഞ്ഞ വർഷം, അതായത് 2018-ൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതിൽ 1100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പ്രളയാനന്തരം.
കഴിഞ്ഞ വർഷം കേരളത്തിൽ ആകെ ഉണ്ടായ എലിപ്പനി മരണങ്ങൾ-99, അതായത് ഏതാണ്ട് 5% മരണനിരക്ക്.
ഈ 99 മരണങ്ങളിൽ 55 മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പകുതിയിലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നതും പ്രളയാനന്തര കാലത്ത്.
ഇങ്ങനെ ഒരു പ്രളയം കേരളത്തിൽ ആദ്യമായായിരുന്നു. എങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായ രീതിയിൽ നടത്തിയിരുന്നു. പക്ഷേ എലിപ്പനി പ്രതിരോധ ഗുളിക എല്ലാവരിലും എത്തിയില്ല. ഡോക്സിസൈക്ലിൻ ഗുളിക കയ്യിൽ വച്ച് ഉപയോഗിക്കാതിരുന്നവരെയും അറിയാം.
എന്തുകൊണ്ട് ഗുളിക കഴിച്ചില്ല എന്ന് ചോദിച്ചപ്പോൾ ജേക്കബ് വടക്കഞ്ചേരിയുടെ ഡോക്സിസൈക്ലിൻ കഴിക്കരുത് എന്ന വീഡിയോ കണ്ടതിനാലാണ് എന്ന് പറഞ്ഞവരുണ്ട്. വയറെരിച്ചിൽ മൂലം ആദ്യ ഡോസിനുശേഷം കഴിച്ചില്ല എന്ന് പറഞ്ഞവരുമുണ്ട്.
ഫലമോ ? കുറെയേറെ മനുഷ്യരുടെ വിലയേറിയ ജീവൻ നമുക്ക് നഷ്ടമായി. അതിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ വരെ ഉൾപ്പെടും എന്നത് എത്രയോ സങ്കടകരമാണ്.
ഈ വർഷത്തെ പ്രളയത്തിൽ 67 പേർ മരണപ്പെട്ടു. 57 പേരെ കാണാതായിട്ടുണ്ട്. ഉറ്റവരും ഉടയവരും സ്വത്തും ജീവിതവും നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയോ കൂടുതൽ.
ഇനി ഒരു മരണം പോലും ഉണ്ടായിക്കൂടാ. പ്രത്യേകിച്ചും പ്രതിരോധിക്കാവുന്ന അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ ഉണ്ടായിക്കൂടാ.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ Shameer Vk എഴുതിയ വരികൾ വായിക്കണം.
"കഴിഞ്ഞ തവണ വെള്ളപ്പൊക്കത്തിനു ശേഷമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെ എലിപ്പനി കേസുകളുടെ എണ്ണം അതിന് മുന്നിലെ വർഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടി.
എലിപ്പനിയുമായി വന്നവരോടൊക്കെ തടയാൻ വേണ്ടി ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചിരുന്നോ എന്ന് ഞങ്ങൾ ചോദിച്ചിരുന്നു, ആരും കഴിച്ചിട്ടുണ്ടായില്ല. കുറേ പേർക്ക് അറിവില്ലായിരുന്നു. അറിഞ്ഞവർ കയ്യിൽ ഗുളിക കിട്ടിയിട്ടും കഴിച്ചില്ല.
എലിപ്പനി എന്നാൽ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകും. എലിപ്പനി ബാധിക്കാത്ത അവയവങ്ങൾ ശരീരത്തിൽ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലർക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാൾ ഗുരുതരമാണ് തലച്ചോർ, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോൾ. ശ്വാസകോശത്തെ ബാധിച്ചാൽ എലിപ്പനിയിൽ മരണസാദ്ധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100ൽ 10 പേർ മരണപ്പെടാൻ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദുരിതാശ്വാസ കാംപുകളിൽ പങ്കെടുക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഈ വർഷവും ആളുകൾ ഇത് തിരിച്ചറിഞ്ഞ് രോഗം പ്രതിരോധിക്കാൻ വേണ്ട പോലെ ശ്രമിക്കുന്നില്ല എന്നതാണ്. അനാവശ്യമായ ഭയം ഗുളിക കഴിക്കുന്നതിൽ കാണിക്കുന്നുണ്ട്. പല തരത്തിലുള്ള മാനസിക പിരിമുറുക്കത്തിലായിരിക്കാം
അതു കൊണ്ട് വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടി വന്ന എല്ലാവരും രണ്ട് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക. പോകുന്ന വഴി പലേടത്തും വെള്ളം കെട്ടി നിന്നതിനാൽ ഞങ്ങളൊക്കെ കഴിക്കുന്നുണ്ട്."
ദൗത്യത്തിന് ഇറങ്ങിയ ആരോഗ്യപ്രവർത്തകർ എല്ലാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ട്. അത് അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ വേണ്ടിയാണ്. അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ അവർ കഴിക്കുന്നത് ഡോക്സിസൈക്ലിൻ ഗുളിക ആണെങ്കിൽ അത് കഴിക്കാൻ മറ്റുള്ളവർ മടിക്കുന്നതെന്തിന് ?
വയറെരിച്ചിൽ ഒരു പ്രശ്നമാക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വെറും വയറ്റിൽ കഴിക്കാതിരിക്കുക. ആഹാരത്തിനു ശേഷം മാത്രം കഴിക്കുക. ഗുളിക കഴിച്ച ഉടനെ കിടക്കാതിരിക്കുക. കൂടെ കഴിക്കാനായി ആരോഗ്യപ്രവർത്തകർ നൽകുന്ന ഗുളികകൾ നിർദ്ദേശിച്ച രീതിയിൽ കഴിക്കുക.
മുതിർന്നവർ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം ഗുളികയാണ് ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കിൽ 100 മില്ലിഗ്രാം 2 ഗുളിക.
ഓരോ ജീവനും വിലയേറിയതാണ്, പ്രളയബാധിതരുടെയും രക്ഷാപ്രവർത്തകരുടെയും. അതുകൊണ്ട് എലിപ്പനി മൂലം മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക തന്നെ വേണം.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്സിസൈക്ലിൻ ഗുളികകളല്ല കഴിക്കേണ്ടത് എന്നതുകൂടി മനസ്സിൽ കരുതുക.
ജിനേഷ് പി. എസ്.
12/08/2019
10.30 am
No comments:
Post a Comment