ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp

ഉരുൾ പൊട്ടൽ MAP

 '

ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങള് അടയാളപെടുത്തിയ കേരളത്തിൻ്റെ ഭൂപടം. വെള്ളരിക്കുണ്ട് താലൂക്കും അതിലുണ്ട്.
ഒരായുസ്സിന്റെ സമ്പാദ്യവും ജീവനും കവര്ന്ന് മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളൊന്നും അവശേഷിപ്പിക്കാതെ ഉരുള് കേരളത്തെ കവരുന്നത് മഴക്കാലത്തെ പതിവുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊന്നും പതിവില്ലാത്ത വിധം മലകള് പൊട്ടിച്ചിതറി മനുഷ്യന് മേല് പതിക്കുന്നതിന് കാരണമെന്താകും? അതിതീവ്രമഴ എന്നതാവും ആദ്യ ഉത്തരം. മഴ ഒരു പ്രധാന കാരണം തന്നെയാണെങ്കിലും അതു മാത്രമല്ല ഉരുള്പൊട്ടലിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര് പറയുന്നു.
ഉരുള്പൊട്ടലിന് രണ്ടുകാരണങ്ങളാണ് പ്രധാനമായും ഉളളത്. ഒന്ന്, കണ്ടീഷണിങ് ഫാക്ടേഴ്സ്; രണ്ട്, ട്രിഗറിങ് ഫാക്ടേഴ്സ്. കണ്ടീഷണിങ് ഫാക്ടേഴ്സില് ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും മണ്ണിന്റെ ഘടനയുമാണ് ഉരുള്പൊട്ടലിന് കാരണമാകുന്നത്, ട്രിഗറിങ്ങ് ഫാക്ടേഴ്സില് മഴയും. കേരളത്തിന്റെ പ്രത്യേക സാഹചര്യവും ഭൂപ്രകൃതിയും കൂടി കണക്കിലെടുക്കുകയാണെങ്കില് സംസ്ഥാനത്തെ ഉരുള്പൊട്ടലുകള്ക്ക് കുന്നിന്റെ ചെരിവും പ്രധാന കാരണമായി വരുന്നുണ്ട്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്ക് മുകളിലാണെങ്കില് അത് ഉരുള്പൊട്ടല് സാധ്യതയുളള സ്ഥലമെന്നാണ് അറിയപ്പെടുന്നതെന്ന് കേരള യൂണിവേഴ്സിറ്റി ഭൂമിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര് ഡോ.സജിന്കുമാര് പറയുന്നു. കേരളത്തില് മണ്ണിന്റെ ഘടനയും ഉരുള്പൊട്ടലിനുളള കാരണങ്ങളിലൊന്നാണ്. സംസ്ഥാനത്ത് ഇന്നു നാം കാണുന്ന എല്ലാ പാറകളും 220 മുതല് 300 കോടി വര്ഷം പഴക്കമുള്ളതാണ്. പക്ഷേ അതിന്റെ മുകളില് കാണുന്ന ഒരു മീറ്റര് കനമുള്ള മണ്ണ് വെറും 10000 വര്ഷം മാത്രം പഴക്കമുളളതും. അതുകൊണ്ടുതന്നെ നല്ലൊരു മഴ പെയ്താല് ഈ മണ്ണ് ഊര്ന്നിറങ്ങി വരാനുളള സാധ്യത കൂടുതലാണ്.
എന്താണ് മലയിടിച്ചില്, എന്താണ് ഉരുള്പൊട്ടല്
ഗുരുത്വാകര്ഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേല്മണ്ണോ മുകളില്നിന്ന് താഴോട്ട് പതിക്കുന്നതിനെയാണ് ഭൂദ്രവ്യശോഷണം (Mass Wasting)എന്നുപറയുന്നത്. മലയിടിച്ചില് (Slump), ശിലാപതനം (Rockfall), ശിലകളുടെ തെന്നിമാറല് (Debrisflow), ഉരുള് പൊട്ടല് (Landslide), ഭൂമിയുടെ ഇടിഞ്ഞുതാഴല് (Subsidence) എന്നീ ഭൗമപ്രതിഭാസങ്ങളാണ് കേരളത്തില് കണ്ടുവരുന്നത്. രണ്ട് മീറ്റര് ആഴത്തില് മേല്മണ്ണ് താഴേക്ക് പതിക്കുന്നതാണ് മലയിടിച്ചില്. ഉരുള്പൊട്ടല് എന്ന് പറഞ്ഞാല് മണ്ണും അതിന് അടിയിലെ ദ്രവിച്ച പാറയും മരങ്ങളും വെള്ളവും എല്ലാം ഒന്നുചേര്ന്ന് ശക്തിയായി താഴേക്ക് പതിക്കുന്നതാണ്. മലയിടിച്ചിലുമായി താരതമ്യം ചെയ്യുമ്പോള് വളരെ അധികം ആഴത്തിലും ശക്തിയിലും സംഭവിക്കുന്ന ഒന്നാണ് ഉരുള്പൊട്ടല്.
സോയില് പൈപ്പിങ്ങ്: ഒരു ഭൂപ്രദേശം ഒന്നായി ഇടിഞ്ഞുതാഴുക. ഭൂമിക്ക് അടിയില് വെട്ടുകല്ലുകള്ക്ക് അടിയിലായി കളിമണ്ണ് നിറഞ്ഞ ഭാഗങ്ങള് ഉണ്ട്.വെട്ടിമാറ്റിയ മരങ്ങളുടെ വേരുകള്ക്ക് ഇടയിലൂടെയൊക്കെ വെള്ളം ഈ കളിമണ് പോക്കറ്റുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇതോടെ ഈ കളിമണ് പ്രദേശം ഒഴുകി മാറുകയും ഇവയ്ക്ക് മുകള്ഭാഗത്തുള്ള വെട്ടുകല്ല് അടങ്ങിയ ഭാഗം താഴേക്ക് ഇടിയുകയും ചെയ്യുന്നു. ക്വാറികളിലെ അനിയന്ത്രിത സ്‌ഫോടനവും, റബര് എസ്‌റ്റേറ്റിലെ മഴക്കുഴിയും ചതിച്ചേക്കാം
കേരളത്തിലെ ക്വാറികള്ക്കും ഉരുള്പൊട്ടലില് പങ്കുണ്ടെന്ന് സജിന്കുമാര് ചൂണ്ടിക്കാണിക്കുന്നു. ക്വാറികളില് രണ്ട് തരത്തിലുള്ള സ്ഫോടനമാണ് നടത്താറുള്ളത്. നിയന്ത്രിത സ്ഫോടനവും അനിയന്ത്രിത സ്ഫോടനവും. കേരളത്തിലെ പാറമടകളില് അനിയന്ത്രിത സ്ഫോടനമാണ് നടക്കാറുള്ളത്. ഇതിന്റെ തരംഗങ്ങള് രണ്ട് കിലോമീറ്റര് ദൂരത്തില് വരെ സംഭവിക്കാം. ഈ തരംഗങ്ങള് മൂലം ഉപരിതലത്തിലുള്ള മണ്ണില് വിള്ളലുകള് ഉണ്ടാവുകയും അത് ജലം മണ്ണിലേക്ക് ഊര്ന്നിറങ്ങാന് സഹായിക്കുകയും ചെയ്യും. അത് ഉരുള്പൊട്ടലുകള്ക്ക് കാരണമാകുന്നുണ്ട്.
ശിലകളിലുണ്ടാകുന്ന വിള്ളലുകള് (ജോയിന്റ്സ്) ഏത് ദിശയിലേക്കാണ് ചരിയുന്നത്, എത്ര ഡിഗ്രിയിലാണ് ചരിയുന്നത്, ഇതും മലയുടെ ചരിവും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള് ഉരുള്പൊട്ടലിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് ഐ.ആര്.ടി.സി മുന് ഡയറക്ടറും ഉരുള് പൊട്ടല് പ്രധാന വിഷയമായെടുത്ത് ഡോക്ടറേറ്റ് നേടിയ ഡോ.ശ്രീകുമാര് പറയുന്നു. ഒരു പ്രദേശത്തെ നീര്ച്ചാലുകള് ഏത് ദിശയിലേക്ക് ഒഴുകുന്നു എന്നതും ഉരുള്പൊട്ടലിനെ സ്വാധീനിക്കാം. ഹിമാലയന് മേഖലകളില് ഭൂചലനം മൂലം ഉരുള്പൊട്ടലുകള് ഉണ്ടാകാറുണ്ട്. കേരളത്തെ സംബന്ധിച്ച് ഉരുള്പൊട്ടലിലേക്ക് നയിക്കുന്ന പ്രേരക ഘടകം മഴ തന്നെയാണ്. ഒരു മണിക്കൂറില് എത്ര മഴ ലഭിക്കുന്നു എന്നതും ഉരുള്പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകമാണ്.
മലയോരങ്ങളെ സൂക്ഷ്മമായി പഠിച്ചാല് തന്നെ ഉരുള്പൊട്ടല് സാധ്യതയുണ്ടോയെന്ന് വിലയിരുത്താനാകും. നാഷണല് സെന്റര്ഫോര് എര്ത്ത് സെന്റര് സ്റ്റഡീസ് തയ്യാറാക്കിയ മാപ്പുകള് കേരള സ്റ്റേറ്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മാപ്പുകള് തയ്യാറാക്കിയിട്ടുള്ളത് മുകളില് സൂചിപ്പിച്ച ഘടകങ്ങളെ ആസ്പദമാക്കികൊണ്ടാണ്. ആ മാപ്പുകള് അനുസരിച്ച് ഈ പ്രദേശം ഉരുള്പൊട്ടല് സാധ്യത കൂടിയ പ്രദേശം ആണോ, സാധ്യത കുറവുള്ള പ്രദേശം ആണോ അതോ സാധ്യത തീരെ ഇല്ലാത്ത പ്രദേശം ആണോ എന്ന് മനസ്സിലാക്കാനാകും. ഇത്തരം പ്രദേശങ്ങളില് മനുഷ്യ ഇടപെടലുകള് കൂടിയാകുമ്പോള് സ്വാഭാവികമായും ഉരുള്പൊട്ടലുകള് സംഭവിക്കുന്നു. ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളില് പുതിയ ക്വാറികള് വരുന്നു, അതല്ലെങ്കില് ആ പ്രദേശങ്ങളില് ഒഴുകുന്ന നീര്ച്ചാലുകളെ തടസപ്പെടുത്തി ചെക്ക് ഡാമുകള് പണിയുന്നു. ഒഴുകുന്ന നീര്ച്ചാലുകളുടെ ദിശമാറ്റുന്നു. ഇതൊക്കെ ഉരുള്പൊട്ടല് സാധ്യത വര്ദ്ധിപ്പിക്കുന്നതാണെന്ന് ഡോ.ശ്രീകുമാര് പറയുന്നു.
മലഞ്ചെരുവുകളില് contour terracing ചെയ്യുന്നതും ആ പ്രദേശത്തിന്റെ സ്വഭാവികത നഷ്ടപ്പെടുത്തുന്നതാണ്. കേരളത്തിലെ ഉരുള്പൊട്ടലുകളില് 65 ശതമാനവും നടക്കുന്നത് റബ്ബര് എസ്റ്റേറ്റുകളിലാണ്.മലഞ്ചെരുകളില് മണ്ണ് സംരക്ഷണത്തിനും ജല സംരക്ഷണത്തിനും വേണ്ടി മഴക്കുഴികള് ഉണ്ടാക്കുക, ടെറസിങ് ചെയ്ത് സ്വഭാവിക നീര്ച്ചാലുകളെ തടസപ്പെടുത്തുക. ഇത്തരം മനുഷ്യ ഇടപെടലുകള് കൂടുതല് ഉരുള്പൊട്ടലുകളെ ക്ഷണിച്ചുവരുത്തുന്നതാണ്.
മാറിയ മഴ
യാതൊരു മനുഷ്യ ഇടപെടലുകളും നടന്നിട്ടില്ലാത്ത ഇടമാണ് പെട്ടിമുടി. സംരക്ഷിത വനമേഖലയായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി. ഇവിടേക്ക് ആദ്യമായൊരു ജെ.സി.ബി ചെന്നെത്തുന്നത് പോലും ഉരുള്പൊട്ടലുണ്ടായിടത്ത് മൃതദേഹങ്ങള് തിരയാനാണെന്ന് പെട്ടിമുടിക്കാര് തന്നെ പറയുന്നു. ഇവിടെ ദുരന്തം വിതച്ചത് കനത്ത മഴയാണ്. നൂല്മഴ മാത്രം ശീലിച്ച തേയിലതോട്ടത്തിലേക്കാണ് തുള്ളിക്കൊരുകുടം കണക്കെ പേമാരി പെയ്തിറങ്ങിയത്. ഉരുള്പൊട്ടലില് നാമാവശേഷമായ പെട്ടിമുടിയിലെ ലയങ്ങള്ക്ക് മുകളിലായി കുത്തനെയുള്ള ഒരു കുന്നുണ്ട്. ഇതിന് താഴെയായി അത്ര ചെരിവില്ലാത്ത ഇടത്താണ് തേയിലതോട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനും താഴെയായിട്ടാണ് തോട്ടം തൊഴിലാളികള് താമസിക്കുന്ന ലയങ്ങള് ഉണ്ടായിരുന്നത്. 'ഉരുള്പൊട്ടിലിന്റെ ആരംഭം തേയിലതോട്ടത്തിന്റെ ഭാഗത്തുനിന്നാണ്. അവിടെ നിന്ന് മണ്ണ് മാറി ഒഴുകിപോകാന് തുടങ്ങിയപ്പോള് മുകളിലുള്ള കുത്തനെയുള്ള കുന്നിന്റെ ഭാഗം കൂടി താഴേക്ക് പതിച്ചു. ഇതാണ് പെട്ടിമുടിയില് സംഭവിച്ചതെന്നാണ് തന്റെ നിഗമന'മെന്ന് ശ്രീകുമാര് പറയുന്നു.
മഴപെയ്യുന്നതിന്റെ സ്വഭാവം അടുത്ത കാലത്തായി മാറിയിട്ടുളളത് നമുക്കറിയാം. കുറച്ചുസമയത്തിനുള്ളില് വളരെ ശക്തിയായ മഴപെയ്യുന്ന പ്രവണതാണ് ഉരുള്പൊട്ടലുകള്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളില് ഒന്ന്.പെട്ടിമുടിയിലും പുത്തുമലയിലും കവളപ്പാറയിലും ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലാണ് ഉരുള്പൊട്ടല് ഉണ്ടായത്. 2012ല് കോഴിക്കോട് പുല്ലൂരാംപാറയില് ഒരു മണിക്കൂറിന് ഉള്ളില് 36 ഉരുള്പൊട്ടലുകളാണ് ഉണ്ടായത്. ഒരു മണിക്കൂറിനുള്ളില് ആ പ്രദേശത്ത് പെയതത് ശക്തമായ മഴയായിരുന്നു. പണ്ട് ഉരുള്പൊട്ടല് അപൂര്വ പ്രതിഭാസം ആയിരുന്നുവെങ്കില് ഇന്ന് വ്യാപകമായ രീതിയില് കേരളത്തിന്റെ പശ്ചിമഘട്ട ഭാഗങ്ങളില് ഉരുള്പൊട്ടലുകള് ഉണ്ടാകുകയാണ്.
കവളപ്പാറയില് ഉണ്ടായ ഉരുള്പൊട്ടലിന് പക്ഷേ മഴ മാത്രമല്ല കാരണം. റബ്ബര് കൃഷിക്കും മറ്റുമായി മണ്ണ് പരുവപ്പെടുത്തിയിട്ടുണ്ട്. ഇതും ഉരുള്പൊട്ടലിന് കാരണമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള് ചൂണ്ടിക്കാണിക്കുമ്പോള് പലരും കാടുകളില് ഉരുള്പൊട്ടാറില്ലേയെന്ന് ചോദ്യമുയരും. ഉണ്ടെന്ന് തന്നെയാണ് ഉത്തരം. വനങ്ങളിലും ഉരുള് പൊട്ടാറുണ്ട്. ആ വനങ്ങളെല്ലാം വനശോഷണം സംഭവിച്ച പ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ ജനവാസകേന്ദ്രങ്ങള്ക്ക് സമീപത്ത് ഉയരമുള്ള പ്രദേശത്ത് വനങ്ങള് ഉണ്ടെങ്കില് അത് ഡീഗ്രേഡഡ് ആണോയെന്ന് നമ്മള് പരിശോധിക്കണം. കാട്ടുതീ ഉണ്ടായിട്ടുണ്ടെങ്കില് ആ വനത്തിന് ശോഷണം സംഭവിച്ചുണ്ടാകും, മരങ്ങള് കത്തിച്ചാമ്പലായി പകരം കുറ്റിച്ചെടികള് മാത്രം അവശേഷിച്ചിട്ടുണ്ടാകും. ഇത്തരം വനങ്ങളില് മഴ പെയ്യുമ്പോള് ഉരുള്പൊട്ടല് സംഭവിക്കാം.
വീടിരിക്കുന്ന സ്ഥലം മാത്രമല്ല ശ്രദ്ധിക്കേണ്ടത്
കുത്തനെയുള്ള ചരിവുകള്ക്ക് താഴെയുള്ള സമതല പ്രദേശത്ത് വീടുകള് വയ്ക്കുമ്പോള് ശ്രദ്ധിക്കണം. വീടുകള് വയ്ക്കുന്ന പ്രദേശം മാത്രമെ നമ്മുടെ പരിഗണയില് വരുന്നുള്ളു. വീടിന്റെ മുകള് ഭാഗം ചിലപ്പോള് 30 ഡിഗ്രിയ്ക്ക് മുകളില് ചരിവ് കൂടിയ പ്രദേശം ആയിരിക്കും. കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്പൊട്ടിയത് ചരിവ് കൂടിയ പ്രദേശത്താണ്. അതിനുതാഴെയാണ് ജനങ്ങള് വീടുകള് വെച്ച് താമസിച്ചത്. ഇവര്ക്കാണ് ഉരുള്പൊട്ടലില് സര്വവും നഷ്ടമായത്. ഉരുള്പൊട്ടല് സാധ്യതയുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞ പ്രദേശങ്ങളിലാണ് ഉരുള്പൊട്ടല് ഉണ്ടായിരിക്കുന്നത്. - ശ്രീകുമാര് പറയുന്നു.
കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായ ഉരുള്പൊട്ടലുകള്ക്ക് പ്രധാന കാരണം മഴയാണ്. മൂന്ന് മണിക്കൂറില് കൂടുതല് 100 മില്ലി മീറ്ററില് അധികം മഴ ലഭിച്ചുവെന്ന് പ്രദേശിക മഴമാപിനിയില് നിന്ന് കണ്ടെത്താന് കഴിഞ്ഞിട്ടുണ്ട്. ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളെ മോഡറേറ്റ് ഹസാഡ് സോള്, ഹൈ ഹസാഡ് സേണ് എന്ന് തരം തിരിച്ചിട്ടുണ്ട്. കൂട്ടിക്കല്,കൊക്കയാര് പ്രദേശങ്ങളില് മോഡറേറ്റ് ഹസാഡ് സോണിലും ഹൈ ഹസാഡ് സോണിലും ഉരുള് പൊട്ടലുകള് ഉണ്ടിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടലുകള് കൊണ്ട് മലയ്ക്ക് വിളളലുകള് വീണിരിക്കുന്നു. പുഴയ്ക്ക് വീതി കുറഞ്ഞിരിക്കുന്നു. ആഗോളതാപനത്തിന്റെ അനന്തരഫലമായി പേമാരി പെയ്തിറങ്ങുമ്പോള് അതുതാങ്ങാന് മലകള്ക്കോ പുഴകള്ക്കോ കരുത്തില്ലാതായിരിക്കുന്നു. കാലംതെറ്റി പെയ്യുന്ന കാലവര്ഷവും ഒരു മണ്സൂണ് കാലത്തേക്ക് ഒന്നിച്ചുപെയ്യാനുളള മഴ ഒരാഴ്ചകൊണ്ട് പെയ്തിറങ്ങുന്നതും പ്രതിരോധിക്കാന് കേരളത്തിന് സാധിക്കാതെ വരുന്നതിന് പിന്നില് നമുക്കുളള പങ്ക് വിസ്മരിച്ചുകൂടാ. ക്ഷോഭിച്ച പ്രകൃതിയെ പിടിച്ചുനിര്ത്താന് നമുക്കാവില്ല, പക്ഷേ തിരുത്താനാവുന്ന തെറ്റുകള് തിരുത്താന് നാം മുന്നിട്ടിറങ്ങുക തന്നെ വേണം. (തുടരും)
കടപ്പാട് : മാതൃഭൂമി

'


GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...